കേളകം : വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെയും ജനപ്രതിനിധികളുടെയും മറ്റു വകുപ്പുകളുടെയും സാന്നിധ്യത്തിൽ കേളകം പഞ്ചായത്തിൽ ജനജാഗ്രത സമിതി യോഗം ചേർന്നു. വന്യജീവി ശല്യം ലഘൂകരിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ജന ജാഗ്രത സമിതിയിൽ നിർദേശങ്ങൾ മുന്നോട്ടു വച്ചു പഞ്ചായത്ത് പ്രസിഡൻ്റ് ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കൊട്ടിയൂർ റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ ടി നിധിൻരാജ് പരിഹാര നിർദേശങ്ങൾ നൽകി. കുരങ്ങ്, മുള്ളൻപന്നി, പുലി, കടുവ, ആന, കാട്ടുപന്നി, തുടങ്ങിയ വന്യജീവികൾ കൃഷിക്കും മനുഷ്യജീവനും ഉയർത്തുന്ന ഭീഷണിയെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ ഭൂമിയിലെ അടിക്കാടുകൾ ഉടമകൾ അടിയന്തരമായി വെട്ടിത്തെളിക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നും യോഗം തീരുമാനിച്ചു കാർഷിക വിളകളെ സംരക്ഷിക്കാൻ ബയോ ഫെൻസിങ്. ജൈവകൂട്ടുകൾ പ്രയോഗിക്കും. വിള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും. വനംവകുപ്പിൻ്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. വന്യജീവി ശല്യത്തിന് എതിരെ വനം വകുപ്പിനും പഞ്ചായത്തിനും ഒപ്പം മറ്റ് വകുപ്പുകളും ചേർന്ന ഏകോപിപ്പിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്ന് യോഗത്തിൽ നിർദേശമുണ്ടായി കാട് വെട്ടിത്തെളിക്കൽ, മാലിന്യ നിർമാർജനം തുടങ്ങിയ കാര്യങ്ങളിൽ പഞ്ചായത്തിന്റെ സഹകരണം ആവശ്യമാണ്. ആറളം വന്യജീവി സങ്കേതം പരിധിയിൽ വനാതിർത്തിയിലെ ജനവാസ മേഖലയിൽ അൻപത് മീറ്റർ ബഫർ സോൺ ഒഴിവാക്കി മറ്റിടങ്ങളിലെ പോലെ സീറോ ബഫർ സോണാക്കുക, തകർന്ന ആന മതിൽ പുനർ നിർമിക്കുക. ആവശ്യമുള്ള കർഷകർക്ക് തോക്ക് ലൈസൻസ് അനുവദിക്കുക, വനാതിർത്തിയിൽ പൂർണമായി ആന മതിൽ നിർമിക്കുക, പഞ്ചായത്തിന്റെ കൈവശമുള്ള ചീങ്കണ്ണിപ്പുഴയോരത്തെ കാട് തെളിച്ച് വിസ്‌റ്റ ക്ലിയറൻസ് നടപ്പാക്കുക, വനാതിർത്തികളിലെ വൈദ്യുതി വേലികൾ പ്രവർത്തനക്ഷമാക്കുക, ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചിയിൽ അടിസ്‌ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ജാഗ്രത സമിതി ചർച്ച ചെയ്തു. തോക്ക് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് പരിശോധിച്ച് ലൈസൻസ് നൽകുന്നത് വേഗത്തിലാക്കുമെന്നും വനാതിർത്തികളിലെ ഫെൻസിങ് കാര്യക്ഷമമാക്കുമെന്നും ചീങ്കണ്ണിപ്പുഴയിലേയും പാലുകാച്ചി കേന്ദ്രീകരിച്ചും ഉള്ള ടൂറിസം പദ്ധതികൾ പരിഗണനയിൽ ഉണ്ടെന്നും വനം വകുപ്പ് അറിയിച്ചു. ആറളം വനാതിർത്തിയിൽ നിലവിൽ ബഫർ സോൺ സംബന്ധിച്ച വിഷയങ്ങൾ ഇല്ലെന്നും അധികൃതർ അറിയിച്ചു. പൊലീസ്, റവന്യു, മൃഗ സംരക്ഷണം, പട്ടിക ജാതി പട്ടിക വകുപ്പ് ഉദ്യോഗസ്‌ഥർ യോഗത്തിൽ പങ്കെടുക്കാത്തതിൽ അത്യപ്‌തി പ്രകടപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു ചാക്കോ, സ്‌ഥിരം സമിതി അധ്യക്ഷന്മാരായ പി.എ അബ്‌ദുൽ സലാം, സുനിത രാജു വാത്യാട്ട്. ഷിജി സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായി ജെയ്മോൻ കൊച്ചറക്കൽ, ജോർജ്കുട്ടി താന്നിവേലിൽ, ലിസി ജോസഫ്, കൃഷി ഓഫിസർ ജിഷ മോൾ വിവിധ സംഘടനാ പ്രതിനിധികളായ തോമസ് പടിയക്കണ്ടത്തിൽ, കെ.എം. അബ്‌ദുൽ അസീസ്. വനം വകുപ്പ് ഉദ്യോഗസ്‌ഥരായ ടി.പ്രജീഷ്, സി.ഗണേശ്, എം.കെ. അനൂപ്, വാച്ചർമാരായ ബാബു വെട്ടിക്കൽ, ബോബി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
Forest Department and Panchayat Public Awareness Committee meeting in Kelakam to maintain vigilance.




















